Encyclopedia

ആദ്യമെത്തും അസുരച്ചിന്നന്‍

മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനുമായി നമ്മുടെ നാട്ടില്‍ നിന്ന് മൂവായിരത്തിലേറെ കിലോമീറ്റര്‍ അകലേക്ക്‌ പറക്കുന്ന പക്ഷിയാണ് അസുരച്ചിന്നന്‍, അത് കഴിഞ്ഞാല്‍ അത്രയും ദൂരം പിന്നിട്ട് നമ്മുടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്യും. മൂന്നോ നാലോ മാസത്തിനുള്ളില്‍ ഇതെല്ലാം നടക്കും.

  കേരളത്തില്‍ ഓരോ വര്‍ഷവും ദേശാടനത്തിനായി ആദ്യമെത്തുന്ന പക്ഷി അസുരച്ചിന്നനാണെന്ന് കരുതപ്പെടുന്നു. എല്ലാ വര്‍ഷവും ഓഗസ്റ്റ് മുതല്‍ ഏപ്രില്‍ വരെ ഇക്കൂട്ടര്‍ നമ്മുടെ നാട്ടില്‍ തീറ്റ തിന്ന് വിലസി നടക്കും.

  അസുരച്ചിന്നന്‍ നമ്മുടെ നാട്ടിലെത്തിയാല്‍ ആദ്യദിവസങ്ങളില്‍ വലിയ ഒച്ചപ്പാടും ബഹളവുമാണ്. രണ്ടും മൂന്നും പക്ഷികള്‍ ഒന്നിച്ചുപറന്നും വഴക്കുണ്ടാക്കാറുണ്ട്. ഓരോരുത്തര്‍ക്കുമുള്ള അതിര്‍ത്തി ഉറപ്പിക്കാനാണ് ഈ കോലഹലമൊക്കെ. അത് കഴിഞ്ഞാല്‍ അവ ശാന്തരാകും. തങ്ങള്‍ വീതിച്ചെടുത്ത പ്രദേശങ്ങളിലായി ഓരോരുത്തര്‍ താമസമാക്കുന്നു. കുറ്റിക്കാടുകളോട് ചേര്‍ന്നുള്ള പൊന്തകളിലും വേലിയിലുള്ള മരങ്ങളിലും പുഴയുടെ തീരത്തും പാടത്തും തോടിനടുത്തുമുള്ള ചെടികളിലുമൊക്കെയാണ് ഇവരുടെ വാസം. താമസസ്ഥലം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഇവ വലിയ ബഹളമുണ്ടാക്കാറില്ല. ചിലപ്പോള്‍ ചിര്‍ര്‍ര്‍റി…. എന്നൊരു ശബ്ദം മാത്രമുണ്ടാക്കും.

  അസുരച്ചിന്നന്‍റെ ശരീരത്തിന് മങ്ങിയ തവിട്ടു നിറമാണ്. കറുത്ത കണ്‍പട്ടയും പുരികം പോലെ വെളുപ്പുനിറവും കാണാം. നീളം കൂടിയതാണ് വാല്‍. ശരീരത്തിനടിഭാഗം മങ്ങിയ വെള്ളനിറവുമുണ്ട്.

   താമസിക്കുന്ന മരത്തില്‍ കുത്തിയിരുന്ന് ആ വഴി വരുന്ന പ്രാണികളെ ഇവ കൊക്കിലാക്കും നിലത്തേക്കു പറന്നും ഇരപിടിക്കാറുണ്ട്. കേരളത്തിലെത്തിയാല്‍ തീറ്റ തിന്നു സുഖവാസം നടത്തുകയാണ് അസുരച്ചിന്നന്റെ ഏകപരിപാടി.

  മനുഷ്യരെ പേടിയായതിനാല്‍ എപ്പോഴും ഒളിച്ചിരിക്കാനാണ് അസുരച്ചിന്നന് ഇഷ്ടം. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒളിഞ്ഞും ഒഴിഞ്ഞുമാറിയുമൊക്കെയാണ് ഇവയുടെ സഞ്ചാരവും.  ഏഷ്യാഭൂഖണ്ഡത്തിന്‍റെ ഏറ്റവും വടക്കു ഭാഗത്തായാണ്‌ അസുരച്ചിന്നന്‍ കൂടുകൂട്ടി മുട്ടയിടുക. മേയ്, ജൂണ്‍ മാസങ്ങളില്‍ അവ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ഏപ്രില്‍ അവസാനം വരെ ഇക്കൂട്ടരെ നമ്മുടെ നാട്ടില്‍ കാണാം. പിന്നീട് ഒറ്റപ്പറക്കലാണ്, ഒറ്റയടിക്ക് 3000-ലേറെ കിലോമീറ്റര്‍ അങ്ങനെ ലക്ഷ്യസ്ഥാനത്തെത്തി കൂടു കൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അതുകഴിഞ്ഞ് വീണ്ടും ദേശാടനം ആരംഭിക്കുന്നു