Encyclopedia

ആദ്യത്തെ ഇ-മെയില്‍

മനുഷ്യന്‍റെ കണക്കില്‍ പറഞ്ഞാല്‍ ഇ-മെയില്‍ ഒരു മധ്യവയസ്കനാണ്. പ്രായം നാല്‍പത് കഴിഞ്ഞു. പക്ഷെ ക്ഷീണം അശേഷമില്ല. എന്ന് മാത്രമല്ല നാള്‍ക്കുനാള്‍ കൂടുതല്‍ ഉഷാറാവുന്നുമുണ്ട്.

  കാലത്തിന്‍റെ വലിയൊരു മാറ്റം കൂടിയായിരുന്നു ഇ-മെയില്‍. ഒരു എഴുത്ത് കിട്ടാന്‍ ദിവസങ്ങളോളം കാത്തിരുന്ന, വല്ലാതെ പഴയതല്ലാത്ത ആ പഴയകാലത്തെ ഇ-മെയില്‍ മാറ്റിമറിച്ചു. ലോകത്തെവിടെനിന്നുമുള്ള സന്ദേശം അയയ്ക്കുന്ന അതേ നിമിഷം തന്നെ കിട്ടുമെന്ന അവസ്ഥ വിപ്ലവകരമായ മുന്നേറ്റങ്ങളാണ് മനുഷ്യജീവിതത്തില്‍ സൃഷ്ടിച്ചത്. ഇ-മെയിലില്‍ അധിഷ്ടിതമായ പ്രവര്‍ത്തങ്ങളാണ് ഇന്ന് പല കമ്പനികളുടെയും മുഖ്യ വരുമാന മാര്‍ഗം.

റെയ്മണ്ട് എസ് ടോംലിന്‍സണ്‍ എന്ന അമേരിക്കക്കാരന്‍ വികസിപ്പിച്ചെടുത്ത സമ്പ്രദായമാണ് ഇ-മെയില്‍. 1971 ഒക്ടോബറിലാണ് ആദ്യത്തെ ഇ-മെയില്‍ അയയ്ക്കുന്നത്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലുള്ള തന്റെ സ്വന്തം അഡ്രസ്സിലേക്ക് തന്നെയായിരുന്നു ടോംലിന്‍സണ്‍ ആദ്യത്തെ ഇ-മെയില്‍ അയച്ചത്. ഇന്റര്‍നെറ്റിന്‍റെ മുന്‍ഗാമിയായിരുന്ന അര്‍പാനെറ്റ് വഴിയാണ് ഈ രണ്ടു കംപ്യൂട്ടറുകളെയും ബന്ധിപ്പിച്ചിരുന്നത്. അങ്ങനെ പടിപടിയായി വളര്‍ന്നുവന്ന ഇ-മെയില്‍ സമ്പ്രദായം വഴി ഇന്ന് ദിനംപ്രതി കൈമാറ്റം ചെയ്യപ്പെടുന്നത് കോടിക്കണക്കിന് സന്ദേശങ്ങളാണ്.

  1985-ല്‍ മാസച്ചുസിറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫെര്‍ണാണ്ടോ കോര്‍ബെറ്റോയും സംഘവും ഇ-മെയിലിന്റെ ആദിമരൂപം വികസിപ്പിച്ചെടുത്തിരുന്നു.മെയില്‍ ബോക്സ് എന്ന് പേരിട്ട ഈ പ്രോഗ്രാമിനെ ഇ-മെയിലുകളുടെ മുന്‍ഗാമിയായി കണക്കാക്കാം. അക്കാലത്ത് തന്നെയാണ് ആധുനിക ഇ-മെയിലിന്‍റെ പിതാവ് എന്നറിയപ്പെടുന്ന റേ ടോംലിന്‍സണ്‍ എംഐറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദ്ധo നേടുന്നത്.

  ബോള്‍ട്ട് ബെറനെക് ആന്‍ഡ് ന്യൂമാന്‍ കമ്പനിയില്‍ എന്‍ജിനീയറായി 1967-ല്‍ റേ ടോംലിന്‍സണ്‍ ജോലിയില്‍ പ്രവേശിച്ചു. അര്‍പാനെറ്റ് വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കാളിയായിരുന്നു ബി ബി എന്‍. ഇതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ നെറ്റ് വര്‍ക്ക് കണ്‍ട്രോള്‍ പ്രൊട്ടോക്കോള്‍ വികസിപ്പിക്കുന്ന ജോലിയായിരുന്നു ടോംലിന്‍സണിനു ചെയ്യേണ്ടിയിരുന്നത്.ഇന്നത്തെ ടിസിപി/ ഐപി എന്ന പ്രൊട്ടോക്കോളിന്‍റെ ആദിമരൂപമായിരുന്നു ഇത്.

  ഒരു കമ്പ്യൂട്ടറില്‍ മാത്രം ഒതുങ്ങിയിരുന്ന ആദ്യകാല സന്ദേശവിതരണ സംവിധാനത്തെ കംപ്യൂട്ടറുകളുടെ നെറ്റ് വര്‍ക്ക് ആയ അര്‍പാനെറ്റില്‍ ഉപയോഗിക്കാനാവുമോ എന്ന ചിന്തയാണ് ടോംലിന്‍സണിനെ ഇ-മെയിലിന്‍റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്, അതിനായി അറുപതുകളുടെ തുടക്കത്തിലുണ്ടായിരുന്ന SNDMSG എന്ന പ്രോഗ്രാമിനെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

  ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവരങ്ങള്‍ പരസ്പരം കൈമാറാനായി മാത്രം ഉപയോഗിച്ചിരുന്ന ഒരു പ്രോഗ്രാമായിരുന്നു സെന്‍ഡ് മെസേജ്. അതോടൊപ്പം ഫയലുകള്‍ കൈമാറുന്നതിനായി ഉപയോഗിച്ചിരുന്ന മറ്റൊരു പ്രോഗ്രാമും ഒപ്പം 200 വരി നീളുന്ന ചില കൊടുകളും ടോംലിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഉപയോഗിക്കുന്നവരുടെ പേരിനൊപ്പം കംപ്യൂട്ടറിന്‍റെ പേരും ചേര്‍ക്കുന്നതിനെക്കുറിച്ചായി പിന്നീടുള്ള ആലോചന.പേരുകള്‍ കൂടിക്കുഴയുന്നത് ഒഴിവാക്കാനായി @ എന്ന ചിഹ്നവും ഉപയോഗിക്കാന്‍ ടോംലിന്‍സന്‍ തീരുമാനിച്ചു.

  1975 ആയപ്പോഴേക്കും അര്‍പനെറ്റ്‌ വഴിയുള്ള ട്രാഫിക്കില്‍ 75 ശതമാനവും ഇ-മെയിലുകള്‍ ആയിരുന്നു. തുടക്കത്തില്‍ ഫോര്‍മാറ്റ് ചെയ്യപ്പെടാത്ത ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെ ഫോര്‍മാറ്റ് ചെയ്ത ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍, ഓഡിയോ-വീഡിയോ ഫയലുകള്‍ എന്നിവകൂടി ഇ-മെയിലുകള്‍ അറ്റാച്ച് ചെയ്ത് അയയ്ക്കാനായി.

  ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ മാത്രമായിരുന്നു ആദ്യകാലത്ത് ഇ-മെയില്‍ സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് വെബ്മെയില്‍ സംവിധാനങ്ങള്‍ ഒരുക്കി പല കമ്പനികളും മുന്നോട്ടുവന്നു. സൗജന്യ ഇ-മെയില്‍ സേവനം നല്‍കി. 1996-ല്‍ രംഗത്ത് വന്ന ഹോട്ട്മെയില്‍ ആയിരുന്നു ഇവയില്‍ മുമ്പന്‍. അതോടെ ഇ-മെയില്‍ സേവനം നല്‍കാന്‍ പല കമ്പനികളും രംഗത്തെത്തി. വെബ്മെയില്‍ സേവനത്തിനിടെ പരസ്യങ്ങള്‍ നല്‍കി. പല കമ്പനികളും കോടികള്‍ സമ്പാദിക്കുകയും ചെയ്തു.

  2004 ഏപ്രില്‍ ഒന്നിന് ഒരു ജിഗാബൈറ്റ്സ് സ്റ്റോറേജുമായി ജി-മെയില്‍ എത്തിയപ്പോള്‍ അന്നുതന്നെ യാഹുവും അതേ നിലവാരത്തിലേക്ക് ഉയര്‍ത്തി. 2007 മെയില്‍ ഉപഭോക്താക്കള്‍ക്ക്‌ അണ്‍ലിമിറ്റഡ് സ്പേസ് യാഹു വാഗ്ദാനം ചെയ്തപ്പോള്‍ ഗൂഗിളിന്റെ സ്പേസ് ഏഴ് ജിബിയിലൊതുക്കി.2010-ലെ കണക്ക് പ്രകാരം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഇ-മെയില്‍ യാഹൂവിന്റേതാണ്. ഹോട്ട്മെയിലും ഗൂഗിളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.