അവിസെന്ന
അബു-അലി അല്‍ ഹുസൈന്‍ ഇ അബ്ദുള്ള ഇസിന്ന അവിസെന്ന എന്നറിയപ്പെട്ട പേര്‍ഷ്യന്‍ ചികിത്സകന്റെ മുഴുവന്‍ പേരാണിത്.
എ.ഡി 980 മുതല്‍ 1037 വരെയാണ് ഇദ്ദേഹത്തിന്‍റെ ജീവിതകാലം, ആല്‍ക്കെമിയിലും താത്പര്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
ചെറുപ്പത്തില്‍ തന്നെ വിജ്ഞാനദാഹിയായിരുന്നു അവിസെന്ന. ഹിപ്പോക്രാറ്റസിനെയും ഗാലനെയുമാണ് അദ്ദേഹം പിന്തുടര്‍ന്നത്. വിവിധ ഭരണാധികാരികളുടെ കീഴില്‍ ചികിത്സകനായി പ്രവര്‍ത്തിച്ച അവിസെന്ന ഹമദാനിലെ പ്രധാനമന്ത്രിയുമായി, എന്നാല്‍ പെട്ടെന്നുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രിപദം നഷ്ടമായി.
നൂറിലധികം ഗ്രന്ഥങ്ങളാണ് അവിസെന്ന രചിച്ചത്. പലതും ഏറെനാള്‍ വൈദ്യശാസ്ത്രത്തിലെ ആധികാരികഗ്രന്ഥങ്ങളായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് തര്‍ജമ ചെയ്യപ്പെട്ടതോടെ യൂറോപ്പിലും അദ്ദേഹം പ്രശസ്തനായി.
ദയനീയമായിരുന്നു അവിസെന്നയുടെ അന്ത്യം.1037-ല്‍ ഒരു സൈനിക സംഘത്തോടോപ്പമുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹം അന്തരിച്ചത്.