അമ്മാനാട്ടം മുതല്‍ സര്‍പ്പംതുള്ളല്‍ വരെ
അനുഷ്ഠാന കലകള്‍, ക്ഷേത്രകലകള്‍, സാമൂഹിക കലകള്‍, കായിക വിനോദകലകള്‍, നാടന്‍-നാടോടി കലകള്‍ എന്നിവയെല്ലാം ചേര്‍ന്നാല്‍ നൂറുകണക്കിന് കലാരൂപങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍, കാലം ചെല്ലുന്തോറും ഇവയില്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് ആലപ്പുഴ ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാന കലയാണ് അമ്മാനാട്ടം. പരമ്പരാഗതമായി വേലന്‍ സമുദായക്കാരാണ് അമ്മാനാട്ടം അവതരിപ്പിച്ചിരുന്നത്. അയ്യപ്പാരാധനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്, ചെണ്ട, ഇലത്താളം, ഉടുക്ക് തുടങ്ങിയ വാദ്യങ്ങള്‍ ഇതിനുപയോഗിക്കുന്നു.
പാലക്കാട് ജില്ലയിലും പരിസരപ്രദേശങ്ങളിലും മാത്രമായി പ്രചാരത്തിലിരിക്കുന്ന ചില നാടന്‍ നാടോടി കലാരൂപങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് പൊറാട്ടുനാടകം, കണ്യാര്‍കളി, മീനാക്ഷിനാടകം, ആര്യമ്മാലാനാടകം, തോല്‍പ്പാവക്കൂത്ത് മുതലായവ. സാധാരണക്കാരുടെ ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിക്കുന്ന കലയാണ് പൊറാട്ടുനാടകം. ഇന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരമ്പോക്കിനായി ഇത് അവതരിപ്പിക്കാറുണ്ട്.
ഭഗവതിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും നടത്തിയിരുന്ന ഒരു കലാരൂപമാണ് കണ്യാര്‍കളി. ദേശത്തുകളി എന്നും ഇതിന് പേരുണ്ട്. ദേവീക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാരൂപമാണ് തോല്‍പ്പാവക്കൂത്ത്. നിഴല്‍നാടകരൂപത്തിലുള്ള ഇതിന്‍റെ ഇതിവൃത്തം തമിഴ്കവി കമ്പരുടെ രാമായണത്തെ ആസ്പദമാക്കിയുള്ളതാണ്.
ഉത്തരകേരളത്തില്‍ പ്രചാരമുണ്ടായിരുന്ന ഗ്രാമീണ നൃത്ത നാടകമാണ് കോതാമ്മൂരിയാട്ടം. പശുവിനെയും കൃഷിയെയും പറ്റിയുള്ള പാട്ടുകള്‍ പാടി, ആടിക്കളിച്ചാണ് കോതാമ്മൂരിസംഘം എത്തിയിരുന്നത്. വടക്കെ മലബാറിലെ പ്രചാരമുള്ള ഒരു വിനോദനൃത്തരൂപമാണ് മങ്ങലംകളി. ഇതിന് കല്യാണകളി എന്നും പേരുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാന കലയാണ് സര്‍പ്പംതുള്ളല്‍. സര്‍പ്പപ്രീതിക്കു വേണ്ടിയാണ് ഇത് നടത്താറുള്ളത്. പുള്ളുവരാണ് ഇത് നടത്തുക. മാപ്പിളകലകളില്‍ ഏറെ പഴക്കം അവകാശപ്പെടാവുന്ന കലയാണ് അറബനമുട്ട്, ഉത്തരകേരളത്തിലെ മുസ്ലീം വിഭാഗക്കാര്‍ക്കിടയിലാണ് ഇതിനു ഏറെ പ്രചാരം.
ഇപ്പോള്‍ പ്രചാരത്തിലുള്ളതും അല്ലാത്തതുമായ ചില നാടന്‍ കലകളാണ് കുമ്മി, കുമ്മാട്ടി, കുതിരകളി, കരടികളി,പൂരകളി, പുലികളി, താലംകളി, കാവടിയാട്ടം, കൈകൊട്ടിക്കളി,കോല്‍ക്കളി, കോലാട്ടം തുടങ്ങിയവ.