Encyclopedia

അബുബക്കര്‍ അല്‍ റാസി

അറബിലോകത്ത് വൈദ്യശാസ്ത്രത്തിന്‍റെ വെളിച്ചമെത്തിച്ച മഹാപ്രതിഭാശാലി. അതായിരുന്നു അബുബക്കര്‍ അല്‍-റാസി,എ.ഡി,865-ല്‍ ഇപ്പോള്‍  ഇറാനില്‍പ്പെടുന്ന റായ്നഗരത്താണ് ഇദ്ദേഹത്തിന്‍റെ ജനനം, പ്രകൃതിശാസ്ത്രത്തിലും ആല്‍ക്കെമിയിലും സംഗീതത്തിലുമൊക്കെ താല്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുപ്പത്തില്‍ നടത്തിയ ആല്‍ക്കെമി പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്‍റെ കാഴ്ച്ചയെപ്പോലും ബാധിച്ചു. ഇരുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് അല്‍-റാസി അറബിഭാഷയില്‍ രചിച്ചത്. അതില്‍ അന്‍പതോളം എണ്ണം വൈദ്യശാസ്ത്രഗ്രന്ഥങ്ങളായിരുന്നു.

  ജന്തുക്കള്‍, പച്ചക്കറികള്‍, ധാതുക്കള്‍ എന്നിങ്ങനെയാണ് അദ്ദേഹം പദാര്‍ത്ഥങ്ങളെ തരംതിരിച്ചത്. തന്‍റെ മുന്‍ഗാമികളുടെ നിരീക്ഷണങ്ങളും തന്‍റെ നിരീക്ഷണങ്ങളും താരതമ്യം ചെയ്താണ് അദ്ദേഹം പുതിയ നിഗമനങ്ങളിലെത്തിയത്.

  മുപ്പതാം വയസില്‍ ബാഗ്ദാദിലേക്ക് പോയ അല്‍-റാസി ചുരുങ്ങിയ കാലം കൊണ്ടു തന്നെ അതിപ്രശസ്ത ഭിഷഗ്വരനായിത്തീര്‍ന്നു. ഗ്രീക്കിലെയും റോമിലെയുമൊക്കെ വൈദ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ അറബിയിലേക്കു പരിഭാഷ ചെയ്യപ്പെട്ടു കൊണ്ടിരുന്ന കാലമായിരുന്നു അത്. സാധാരണക്കാര്‍ക്ക് വേണ്ടി അദ്ദേഹം രചിച്ച ഗ്രന്ഥമാണ് ഹീ ഹു ഹാസ് നോ ഫിസിഷ്യന്‍ ടു അറ്റന്റ് ഹിം പത്തു വാള്യങ്ങള്‍ ഉള്ള കിതാബ് അല്‍ മന്‍സൂരി എന്ന ഗ്രന്ഥത്തില്‍ ഭക്ഷണക്രമം, ശുചിത്വം, ശരീരഘടന, ശരീരശാസ്ത്രം, രോഗലക്ഷണങ്ങള്‍, രോഗനിര്‍ണയം, ഔഷധങ്ങള്‍, സര്‍ജറി ചികിത്സ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്. ഡി വേരിയോളിസ് ഇറ്റ്‌ മോര്‍ബിലസ് എന്ന ഗ്രന്ഥത്തില്‍ ആവട്ടെ സ്മോള്‍ പോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അല്‍-റാസി വ്യക്തമായി വിവരിക്കുന്നു. ഇദ്ദേഹത്തിന്‍റെ പല ഗ്രന്ഥങ്ങളും ലാറ്റിനിലേക്ക് തര്‍ജമ ചെയ്യപ്പെട്ടതോടെ യൂറോപ്പിലും അദ്ദേഹം പ്രശസ്തനായി.

  എന്നാല്‍ ഗലീലിയോയുടെ പല ദുരനുഭവങ്ങളും അല്‍-റാസിക്കുമുണ്ടായി. അദ്ദേഹത്തിന്‍റെ പല ആശയങ്ങളും മത വിരുദ്ധമാണെന്ന് ചില മതപണ്ഡിതരും തത്വചിന്തകരുമൊക്കെ പറഞ്ഞു പരത്തി. ചില മതമേധാവികളുടെയും ഭരണാധികാരികളുടെയും നോട്ടപ്പുള്ളിയായി അദ്ദേഹം മാറുകയും ചെയ്തു.

  ജീവിതത്തിന്‍റെ അവസാനക്കാലത്ത് അദ്ദേഹം ജന്മദേശത്തു തന്നെ തിരിച്ചെത്തി.അവിടെ ഒരു ആശുപത്രി നടത്തുകയും അതുവരെ ലഭ്യമായ വൈദ്യശാസ്ത്രവിജ്ഞാനം സമാഹരിക്കാന്‍ തുടങ്ങുകയും ചെയ്തു. അതാണ്‌ കിതാബ് അല്‍-ഹാവി ഫില്‍-ടിബ്.

 ജീവിതത്തിന്‍റെ അവസാനക്കാലത്ത് ദുരിതങ്ങളുടെ നടുക്കടലിലായിരുന്നു അദ്ദേഹം, കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഏകാകിയും നിരാശനുമായാണ് അറുപതാം വയസില്‍ അദ്ദേഹം അന്തരിച്ചത്.