Encyclopedia

അഗസ്തി

ഔഷധമൂല്യമുള്ള ഒരു ചെറുവൃക്ഷമാണിത്. ആയുര്‍വേദാചാര്യനായ അഗസ്ത്യമുനിയുടെ ഇഷ്ടവൃക്ഷമായതിനാലാകാം ഇതിന് അഗസ്തി എന്ന പേരു ലഭിച്ചതെന്ന് ഒരഭിപ്രായമുണ്ട്, എന്നാല്‍ സൂര്യന്‍ അഥവാ അഗസ്ത്യന്‍ ഉദിക്കുമ്പോള്‍ പൂവ് വിടരുന്നതാണ് ഈ പേരിനു പിന്നിലെന്നും കരുതുന്നു.

   അഗസ്തിയുടെ ഇലയില്‍ കാത്സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, ഇരുമ്പ്, വിവിധതരം വിറ്റാമിനുകള്‍ എന്നിവ ധാരാളമുണ്ട്. വിത്തില്‍ പ്രോട്ടീനും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പൂവില്‍ ധാരാളം പ്രോട്ടീനും വിറ്റാമിനുകളുമുണ്ട്. പൂവ്, തൊലി, കായ്, ഇല എന്നിവ വിവിധ ഔഷധങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. ആയുര്‍വേദ ഔഷധങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നു. ആയുര്‍വേദ ഔഷധങ്ങളിലെ സുപ്രധാന ഘടകങ്ങളിലൊന്നാണ് അഗസ്തി.

  പിത്തം, കഫം എന്നിവ ശമിപ്പിക്കാനും തലവേദന, അപസ്മാരം ചുമ തുടങ്ങിയവയുടെ ചികിത്സക്കും അഗസ്തി ഉപയോഗിക്കാറുണ്ട്. മണ്ണിന്‍റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാനായി നട്ടുവളര്‍ത്താവുന്ന ഒരു വൃക്ഷമാണ് അഗസ്തി. ഇതിന്‍റെ വേരിലുള്ള ഒരു തരം ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ വലിച്ചെടുക്കുന്നതാണ് ഇതിനു കാരണം. അഗസ്തിയുടെ ഇലയും പൂവും കായും കറികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിറ്റാമിന്‍ ബിയുടെ അഭാവം പരിഹരിക്കാന്‍ അത്യുത്തമമാണിവ.