വൈദ്യശാസ്ത്രപ്രതിഭകള്
രോഗങ്ങള്‍ എന്നും മനുഷ്യനെ ഭയപ്പെടുത്തിയിട്ടുണ്ട്. ഇന്നും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രോഗങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അതില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവകോപവും ശാപവും പിശാചുബാധയു മൊക്കെയാണ് രോഗകാരണമെന്ന് ഒരു കാലത്ത് ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. രോഗശാന്തിക്കായി അവര്‍ പൂജയും മന്ത്രവാദവും പ്രാര്‍ഥനകളുമൊക്കെ നടത്തി. മരത്തോലുടുത്ത്, ഗുഹകളില്‍ താമസിച്ച്, കായ്കനികള്‍ ഭക്ഷിച്ചു നടന്നിരുന്ന നാളുകളില്‍ തന്നെ ചില സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചു മനുഷ്യന് ധാരണയുണ്ടായിരുന്നു. മുറിവുണക്കാനും മറ്റും അവര്‍ ചില ചെടികളുടെ നീരുപയോഗിച്ചു.
രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ആന്തരാവയവങ്ങളുടെ ധര്‍മ്മത്തെക്കുറിച്ചും ഉള്ള അറിവു കൂടിയേതീരൂ എന്ന തിരിച്ചറിവുണ്ടായതോടെ വൈദ്യശാസ്ത്രം പുതിയ ഒരു വഴിത്തിരിവില്‍ എത്തുകയായിരുന്നു. ഇന്നത്തെ ആധുനികരോഗനിര്ണയരീതികളെക്കുറിച്ചും ആന്റിബയോട്ടിക്ക് ഔഷധങ്ങളെക്കുറിച്ചും സങ്കല്പ്പിക്കാന് പോലും കഴിയാതിരുന്ന ഒരു കാലത്ത് ഒരു കൂട്ടം പ്രഗത്ഭരായ ചികിത്സകന്മാര് സൂക്ഷ്മനിരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും മനസിലാക്കിയ വിവരങ്ങള്‍ വിലപ്പെട്ടതായിരുന്നു. വൈദ്യശാസ്ത്രപുരോഗതിക്ക് അടിത്തറ പാകിയതും അവര്‍ തന്നെ.
ഇന്ത്യയിലുമുണ്ടായിരുന്നു ചരകന്‍, സുശ്രുതന്, നാഗാര്ജുനന് തുടങ്ങിയ പ്രശസ്ത ചികിത്സകന്മാര്. ചരകന്റെ ചരകസംഹിതയും ശുശ്രുതന്റെ സുശ്രുതസംഹിതയും നാഗാര്‍ജ്ജുനന്റെ രസരത്നാകരവുമൊക്കെ ആയുര്‍വേദത്തിലെ അമൂല്യഗ്രന്ഥങ്ങളാണ്. പ്രാചീനഭാരതത്തിലെ ശസ്ത്രക്രിയാവിദഗ്ദര് കൂടിയായിരുന്നു സുശ്രുതന്.
നിരവധി ഗവേഷകരുടെ നിരന്തരമായ പരിശ്രങ്ങളിലൂടെയാണ് വൈദ്യശാസ്ത്രം ഇന്നത്തെ നിലയില്‍ എത്തിയത്. രോഗങ്ങളില്‍നിന്നു മോചനം നല്‍കുന്നതിലും ആരോഗ്യപരിപാലനത്തിലും വൈദ്യശാസ്ത്രം വഹിക്കുന്ന പങ്കു മഹത്തരമാണ്.ഒരു രോഗമില്ലാത്ത കാലം തന്നെയാണ് വൈദ്യശാസ്ത്രരംഗത്തെ പുതിയ ഗവേഷണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് രോഗങ്ങളുടെ തന്മാത്രതലത്തിലേക്കും ജനിതകതലത്തിലേക്കും കടന്നെത്തിക്കഴിഞ്ഞു ശാസ്ത്രജ്ഞര്‍.
ജീന്‍ ചികിത്സയും ഡിസൈനര്‍ ഔഷധങ്ങളുമൊക്കെയാണ് ഇപ്പോള്‍. ചികിത്സരംഗത്തെ പുതുമകള്‍. ഒരു കാലത്തു മാറാരോഗങ്ങള്‍ എന്നു കരുതിയ രോഗങ്ങളെപ്പോലും മുട്ടുകുത്തിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു വൈദ്യശാസ്ത്രം പുത്തന്‍ വൈദ്യശാസ്ത്രഗവേഷണങ്ങളില് ജനിതക എഞ്ചിനീയറിംങ്ങും കുഞ്ഞുകണങ്ങളുടെ സാങ്കേതികവിദ്യയായ നാനോടെക്നോളജിയുമൊക്കെ കൈകോര്‍ക്കുന്നു. ശരീരത്തിലങ്ങോളമിങ്ങോളം ഓടിനടന്നു കേടുപാടുകള്‍ തീര്‍ക്കുന്ന രക്തം ചിന്താതെ ശസ്ത്രക്രിയ നടത്തുന്ന നാനോറോബോട്ടുകളുടെ കാലമാണ് വരാന്‍ പോകുന്നത്. ഒരു പക്ഷെ കാലനില്ലാത്ത ഒരു കാലത്തിലേക്ക് കൂടിയാവാം നമ്മുടെ ഈ പോക്ക്, ഒരേ സമയം വിസ്മയകരവും കൗതുകകരവുമാണ് വൈദ്യശാസ്ത്രത്തിന്റെ പിന്നിട്ട വഴികളിലൂടെയുള്ള യാത്ര.