ലൂയി പാസ്റ്റര്‍
പല രോഗങ്ങളും രോഗാണുക്കളുടെ ആക്രമണം കൊണ്ടാണുണ്ടാകുന്നതെന്ന് തെളിയിച്ച മഹാനാണ് ലൂയി പാസ്റ്റര്‍. മൈക്രോബയോളജി എന്ന ശാസ്ത്ര ശാഖയുടെ സ്ഥാപകനായി ലൂയി പാസ്റ്ററെ ലോകം അംഗീകരിക്കുന്നു. അതോടൊപ്പം അണുജീവികള്‍ തനിയെ ഉണ്ടാവുന്നവയാണെന്ന സിദ്ധാന്തം തെറ്റാണെന്ന തെളിയിക്കുകയും ചെയ്തു അദ്ദേഹം.
1822 ഡിസംബര്‍ 27-ന് ഫ്രാന്‍സിലെ ദോലെ എന്ന പട്ടണത്തില്‍ ഒരു ദരിദ്ര കുടുമ്പത്തിലായിരുന്നു പാസ്റ്ററുടെ ജനനം.ചെറുപ്പത്തില്‍ ചിത്രകാരനാവണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ശാസ്ത്രജ്ഞനായ ഡ്യൂമയുടെ പ്രസംഗം കേട്ടതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ ശാസ്ത്രത്തിലേയ്ക്ക് തിരിഞ്ഞു. പാസ്റ്റര്‍ ആദ്യം പഠിച്ചത് ചില ജൈവ സംയുക്തങ്ങളുടെ ഘടനയെക്കുറിച്ചാണ്. ഇതോടെ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനായി പാസ്റ്റര്‍. ലൂയി പാസ്റ്റര്‍ ജോലിക്കു ചേരുന്ന കാലത്ത് ലിലി പട്ടണത്തിലെ വീഞ്ഞുവ്യവസായം വന്തകര്ച്ചയിലായി. വീഞ്ഞാകാന്‍ വച്ച പഞ്ചസാര ലായനി പുളിച്ചുപോകുന്നതായിരുന്നു പ്രശ്നം. ഇതിനൊരു പരിഹാരം കാണാന്‍ വീഞ്ഞുണ്ടാക്കുന്നവര് ലൂയി പാസ്റ്ററെ സമീപിച്ചു. പഞ്ചസാരയില്‍ നിന്ന് വീഞ്ഞ് ഉണ്ടാകുന്നത് സ്വയം നടക്കുന്ന രാസ പ്രവര്‍ത്തനമാണെന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാല്‍ യീസ്റ്റുകള്‍ എന്ന ഏകകോശസസ്യങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ് അതു സംഭവിക്കുന്നതെന്ന് പാസ്റ്റര്‍ തെളിയിച്ചു. ഫ്രാന്‍സിലെ പട്ടുനൂല്‍പ്പുഴുക്കളെ ബാധിച്ച പകര്‍ച്ചവ്യാധിക്കും പാസ്റ്റര്‍ പരിഹാരം കണ്ടെത്തി. പകരം പുതിയ ഒരിനം പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തു.
പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടെത്തിയതാണ് മനുഷ്യരാശിക്ക് ലൂയി പാസ്റ്റര്‍ നല്കിയ ഏറ്റവും വലിയ സംഭാവന. പേപ്പട്ടി കടിച്ച ജോസഫ് മിഷര്‍ എന്ന കുട്ടിയിലാണ് അദ്ദേഹം തന്റെ അത്ഭുതമരുന്ന് ആദ്യമായി പരീക്ഷിച്ചത്. അത് വിജയിച്ചു.1882-ലായിരുന്നു ഈ സംഭവം.
47-ആം വയസില്‍ അസുഖം ബാധിച്ച് ക്ഷീണിതനായിട്ടും പാസ്റ്റര്‍ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ 1895 സെപ്റ്റംബര്‍ 28-നു ആ പ്രതിഭശാലി അന്തരിച്ചു.