Encyclopedia

പൂച്ചയെപ്പോലൊരു കരടി

ഭീമന്‍പാണ്ടയുടെ കുടുംബത്തില്‍പെട്ട ചെറിയ ഇനം ജീവികളാണ് റെഡ്പാണ്ട. ലെസര്‍ പാണ്ട എന്നും ഇവയ്ക്കു പേരുണ്ട്. നീണ്ട രോമാവൃതമായ വാല്‍ ഇതിന്റെ പ്രത്യേകതയാണ്. ഭീമന്‍പാണ്ടയുടെ ബന്ധുവാണെങ്കിലും ബാഹ്യരൂപത്തില്‍ പൂച്ചയോടാണ് ഇതിനു സാമ്യം അതുകൊണ്ട് ഇതിനെ കരടിപ്പൂച്ച എന്നും വിളിക്കാറുണ്ട്.

   ചെന്നായുടേതുപോലെ കൂര്‍ത്ത മുഖമാണ് റെഡ് പാണ്ടയ്ക്കുള്ളത്. നീണ്ട വാലിലെ രോമങ്ങള്‍ ഒന്നിടവിട്ട് കറുത്ത വളയങ്ങള്‍ പോലെ കാണപ്പെടുന്നു. ചുവപ്പും തവിട്ടും കലര്‍ന്ന രോമങ്ങളാണ് ശരീരത്തിന്‍റെ മുകള്‍ഭാഗത്തുള്ളത്. എന്നാല്‍ അടിവശത്തിന് താരതമ്യേന നിറം കുറവാണ്. ഇവയുടെ മുഖം വെളുത്താണിരിക്കുന്നത്. കഴുത്തിനും നെഞ്ചിനും കാലുകള്‍ക്കുമാകട്ടെ കറുപ്പാണ് നിറം.

  ഹിമാലയം മുതല്‍ പടിഞ്ഞാറെചൈന വരെയുള്ള ഭാഗങ്ങളിലാണ് റെഡ്പാണ്ടയെ കാണുന്നത്. എയിലൂറസ് ഫുള്‍ജെന്‍സ് എന്നാണ് ഇവയുടെ ശാസ്ത്രനാമം.

  ആകെ 46 ഇഞ്ച്‌ നീളം വരും റെഡ്പാണ്ടയ്ക്ക്. സാധാരണ പകല്‍ ഉറങ്ങുന്ന ഇവ രാത്രിയിലാണ് ഇര തേടാനിറങ്ങുക. മരത്തില്‍ കയറാനും ഇവയ്ക്ക് മിടുക്കുണ്ട്.

  റെഡ് പാണ്ടയുടെ നടത്തവും പൂച്ചയുടേതുപോലെയാണ്. നടക്കുമ്പോള്‍ വാല്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കും. ചെറിയ ഇനം പക്ഷികളും അവയുടെ മുട്ടകളുമാണ് ഇഷ്ടഭക്ഷണം. ഇവ കിട്ടാതെ വരുമ്പോള്‍ കായ്കനികളും കീടങ്ങളും ചെടിത്തണ്ടുകളും ഭക്ഷിക്കും, മുളയിലകളും മുളന്തണ്ടുകളും ധാരാളമായി തിന്നാറുണ്ട്.

  മൂന്നു വയസുവരെ റെഡ് പാണ്ടക്കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം കഴിയുന്നു. ഉറങ്ങുന്ന അവസരത്തില്‍ വാല്‍ക്കൊണ്ട് മുഖം മറച്ച് ചുറ്റിപ്പിടിച്ചു കിടക്കുന്നതും ഇവയുടെ പ്രത്യേകതയാണ്.