കൃഷ്ണ നദി
കൃഷ്ണവേണി എന്ന് അപരനാമത്താൽ അറിയപ്പെടുന്ന കൃഷ്ണ നദി ഇന്ത്യയിലെ നീളം കൂടിയ നദികളിൽ പ്രധാനമാണ്. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഗോദാവരി നദി കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്. ഗംഗയും ഗോദാവരിയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയും. മഹാരാഷ്ട്രയിലെ മഹാബലേശ്വർ എന്ന സ്ഥലത്തിന് വടക്കായി പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ചതാണ്. അറബിക്കടലിൽ നിന്നും 64 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന് എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിലാണ് കൃഷ്ണാനദി പതിക്കുന്നത്.
കടന്നുപോകുന്ന സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര, കർണ്ണാടക, തെലംഗാണ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശിൽ വിജയവാഡയ്ക്കടുത്തുവച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റർ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മാലപ്രഭ, തുംഗഭദ്ര എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, ഭീമ എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ. ദ്വാദശ ജ്യോതിർ ലിംഗങ്ങളിലൊന്നായ ശ്രീശൈലം, പ്രാചീന ബുദ്ധമതകേന്ദ്രമായ നാഗാർജുനകൊണ്ട എന്നിവ ഈ നദിയുടെ തീരത്താണ്. അലമാട്ടി, നാഗാർജുനസാഗർ അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.
പോഷകനദികൾ
ദൂതഗംഗ
മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിൽ നിന്ന് ഉത്ഭവിച്ച് കർണാടകയിലെ കോലാപ്പൂർ,ബെൽഗാം ജില്ലകളിലൂടെ ഒഴുകി കൃഷ്ണയിൽ എത്തുന്നു.
പഞ്ചഗംഗ
മഹാരാഷ്ട്രയിൽ വെച്ച് കൃഷ്ണയുമായി ചേരുന്നു.
കൊയ്നാ നദി
മഹാരാഷ്ട്രയുടെ ജീവനാടി എന്നറിയപ്പെടുന്നു.മഹാരാഷ്ട്രയിലെ സതാരാ ജില്ലയിൽ നിന്ന് ഉത്ഭവിച്ച്മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ വച്ച് കൃഷ്ണയുമായി ചേരുന്നു.
ഭീമ
861 കിലോമീറ്റർ നീളമുള്ള ഈ നദി വടക്കുകിഴക്കു ദിശയിൽ ഒഴുകി കൃഷ്ണയുമായി കൂടിച്ചേരുന്നു.
മുസി
കൃഷ്ണയുടെ പ്രധാന പോഷകനദി.ഇതിന്റെ തീരത്താണു ഹൈദരാബാദ് നഗരം സ്ഥിതി ചെയ്യുന്നത്.
മാലപ്രഭ
ബാഗാൽകോട്ട് ജില്ലയിൽ വെച്ച് കൃഷ്ണയുമായി ചേരുന്നു.
തുംഗഭദ്ര
തുംഗ, ഭദ്ര എന്നീ രണ്ടു നദികളായി ഉത്ഭവിച്ച് ഒരുമിച്ച് കിഴക്കോട്ടൊഴുകി ആന്ധ്രാപ്രദേശിൽ വച്ച് കൃഷ്ണയുമായി ചേരുന്നു.
മറ്റു പോഷക നദികൾ
വെന്നാ നദി,ഉർമോദി,മണ്ട്,കലിഗംഗ,വർണ,ഗടപ്രഭ തുടങ്ങിയവയാണു മറ്റു പോഷക നദികൾ.