ഓര്‍ക്കിഡ് ലോകത്തെ വമ്പന്മാര്
*ക്വീന്‍ ഓഫ് ഓര്‍ക്കിഡ്സ്
ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കിഡ് എന്ന വിശേഷണമുള്ള ഓര്‍ക്കിഡാണ് grammatophyllum speciosum. ഇന്തോനേഷ്യയില്‍ കാണപ്പെടുന്ന ഈ ഓര്‍ക്കിഡിന് 25 അടിയിലധികം ഉയരമുണ്ടാകും. മഞ്ഞ വരകളുള്ള പൂക്കളുണ്ടാകുന്നതിനാല് ഇവയ്ക്ക് ടൈഗര്‍ ഓര്‍ക്കിഡ് എന്നും ജയന്റ് ഓര്‍ക്കിഡ് എന്നും പേരുണ്ട്. മരങ്ങള്‍ക്ക് മുകളില്‍ വളരുന്നയിനം ഓര്‍ക്കിഡാണിത്. ഇവയുടെ പൂങ്കുലയ്ക്ക് മൂന്നു മീറ്റര്‍ നീളമുണ്ടാകും.10 സെന്റിമീറ്റര്‍ വരെ വലുപ്പമുള്ളവയാണ് ഓരോ പൂവും
* പൂക്കളിലെ വമ്പന്‍
ഏറ്റവും വലിയ പൂവ് ഉണ്ടാകുന്ന ഓര്‍ക്കിഡാണ് paphilopedilum sanderianum. പാറകളില്‍ വളരുന്ന ഈ ഓര്‍ക്കിഡിനെ ബോര്‍ണിയോയിലെ നിത്യഹരിത വന്നങ്ങളിലാണ് കണ്ടെത്തിയത്. നീളമേറിയ ഇതളുകളാണ് ഇവയുടെ പ്രത്യേകത. ഇതളുകളുടെ വലുപ്പം കണക്കിലെടുത്താല്‍ പൂവിനു ഒരു മീറ്റര്‍ നീളമുണ്ടാകും.1885-ല്‍ കണ്ടെത്തിയ ഈ ഓര്‍ക്കിഡിന് വംശനാശം സംഭവിച്ചുവെന്നാണ് സസ്യശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍ 1978-ല്‍ ഇത് വീണ്ടും കണ്ടെത്തി. ഇന്ന് ഈ ഓര്‍ക്കിഡിനെ മലേഷ്യയിലെ ഗണങ്ങ് മുലു നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിച്ചിട്ടുണ്ട്.
* ബട്ടര്‍ഫ്ലൈ ഓര്‍ക്കിഡ്
പശ്ചിമഘട്ടത്തില്‍ നിലം പറ്റിവളരുന്ന ഓര്‍ക്കിഡുകളില്‍ ഏറ്റവും വലുപ്പമേറിയ പൂക്കളുള്ള ഓര്‍ക്കിഡാണ് pecteilis gigantea, കാണാന്‍ ഏറെ ഭംഗിയുള്ള വെളുത്ത പൂക്കളാണ് ഈ ഓര്‍ക്കിഡിന്റെ പ്രത്യേകത. ഒരു ചെടിയില്‍ ആറു പൂക്കള്‍ വരെ ഉണ്ടാകും. അരികുകള്‍ കീറിയിട്ടതുപോലുള്ള ഇതളുകള്‍ കണ്ടാല്‍ പൂമ്പാറ്റയാണെന്നേ തോന്നൂ, ഇവയുടെ കിഴങ്ങ് കാട്ടുപന്നികള്‍ കുത്തിയെടുക്കുന്നത് വംശനാശത്തിന് കാരണമാകുന്നു.
*കുഞ്ഞന്‍ ഓര്‍ക്കിഡുകള്‍
ഓര്‍ക്കിഡ് ലോകത്ത് ഇത്തിരിക്കുഞ്ഞന്മാരും ധാരാളമുണ്ട്. ആമസോണ്‍ തടത്തില്‍ നിന്ന് കണ്ടെത്തിയ campylocentrum insulare എന്ന ഓര്‍ക്കിഡ് ആണ് ലോകത്തിലെ ഏറ്റവും ചെറിയ പൂവുണ്ടാകുന്ന ഓര്‍ക്കിഡ്. ഇവയുടെ പൂങ്കുല കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വേര് ആണെന്നേ പറയൂ.വെറും ഒരു മില്ലിമീറ്റര്‍ ആണ് ഇവയുടെ പൂക്കളുടെ വലുപ്പം.
ആന്‍ഡീസ് പര്‍വതനിരയില്‍ വമ്പന്‍ മരങ്ങളുടെ വേരിനോട് ചേര്‍ന്നു വളരുന്ന ഓര്‍ക്കിഡ് ആണ് platystele jungermannioides വെറും 2.1 മില്ലിമീറ്റര്‍ വലുപ്പമുള്ള ഈ ഓര്‍ക്കിഡ് ആണ് ലോകത്തിലെ ഏറ്റവും ചെറിയ ഓര്‍ക്കിഡ് ചെടി.
2019-ല്‍ ഗ്വാട്ടിമാലയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരു ചെറിയ ഓര്‍ക്കിഡ് ആണ് lepanthes purulahensis, അഞ്ച് മില്ലിമീറ്റര്‍ വലുപ്പമുള്ള ഇലകളും 1.2 മില്ലിമീറ്റര്‍ വലുപ്പമുള്ള പൂക്കളുമാണ് ഇവയ്ക്കുള്ളത്.