ഒരേയൊരു ദേശം, ഒരൊറ്റ ജനത
ഭൂട്ടാനില്‍ വിവിധ വര്‍ഗക്കാരും ഭാഷകളുമുണ്ടെന്നു പറഞ്ഞല്ലോ. എങ്കിലും അവരുടെ ദേശീയ ബോധം വളരെ ശക്തമാണ്. ഒരൊറ്റ ജനത എന്ന രീതിയില്‍ അവരെ ബന്ധിപ്പിച്ചു. നിര്‍ത്തുന്നത് മതമാണ്;താന്ത്രിക ബുദ്ധമതം അഥവാ താന്ത്രിക് ബുദ്ധിസം.
തെക്കുഭാഗത്തുള്ള ഹിന്ദുക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള മിക്കവാറും ഭൂട്ടാന്‍ കാര്‍ അടിയുറച്ച ബുദ്ധ മതവിശ്വാസികളാണ്. താന്ത്രിക് ബുദ്ധിസം ഉദ്ഭവിച്ചത് ടിബറ്റില്‍ ആണെങ്കിലും ഭൂട്ടാനിലെത്തിയപ്പോള്‍ അവരുടേതായ പല സ്വഭാവസവിശേഷതകളും അതില്‍ ലയിച്ചു ചേര്‍ന്നു. അങ്ങനെ ഭൂട്ടാന്‍ കാരുടെ പൊതുവായ അടിസ്ഥാനപ്രമാണമായി ബുദ്ധമതം മാറി. അതുവഴി ഭാഷാപരവും വംശീയവുമായ വിഭാഗീയത ഇല്ലാതാക്കാനും സാധിച്ചു.
ബുദ്ധമതം എന്ന അടിത്തറയിലാണ് ഭൂട്ടാന്‍ രാജാവായ ജിഗ്മേ സിംഗ്യെ വാങ്ചുക് ‘ഒരേയൊരു ദേശം,ഒരൊറ്റ ജനത എന്ന സങ്കല്പം പടുത്തുയര്‍ത്തിയത്. പരമ്പരാഗത മൂല്യങ്ങളിലൂന്നിയ ഒരു ദേശീയതയാണ് അദ്ദേഹത്തിന്റെ സ്വപ്നം. തന്റെ ജനതയ്ക്ക് ഒരേയൊരു ഭാഷയും ഒരേ പോലുള്ള വിദ്യാഭ്യാസവും രാജ്യത്തിലെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.