എറാസിസ്ട്രാറ്റസിന്‍റെ കണ്ടെത്തലുകള്‍
ഹീറോഫിലസ്സിന്റെ പഠനങ്ങള്‍ക്കും ആശയങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് അലക്സാണ്‍ഡ്രിയയില്‍ എത്തിയ ശരീരഘടന ശാസ്ത്രജ്ഞ്നാണ് എറാസിസ്ട്രാറ്റസ്. ബി.സി 330 മുതല്‍ ബിസി 255 വരെയാണ് അദ്ദേഹത്തിന്‍റെ ജീവിതകാലം എന്നാണു കരുതപ്പെടുന്നത്.
ക്രൈസിപ്പസിന്റെ കീഴിലായിരുന്നു ഇദ്ദേഹത്തിന്‍റെ പഠനം. ഡെമോക്രിറ്റസും ല്യൂസിപ്പസ്സും മുന്നോട്ട് വച്ച അണുസിദ്ധാന്തത്തിന്‍റെ വക്താവു കൂടിയായിരുന്ന എറാസിസ്ട്രാറ്റസ്. പ്രസിദ്ധ ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടലിന്റെ പേരകുട്ടിയായിരുന്നെങ്കിലും അരിസ്റ്റോട്ടലിന്റെ പല സിദ്ധാന്തങ്ങളെയും തുറന്നെതിര്‍ക്കാന്‍ എറാസിസ്ട്രാറ്റസ് മടിച്ചില്ല. സെലൂക്കസ് ഒന്നാമന്റെ കൊട്ടാരം വൈദ്യനായി കുറേ നാള്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം അലക്സാണ്‍ഡ്രിയയില്‍ എത്തുന്നത്.
മനുഷ്യശരീരം കീറിമുറിച്ച് തലച്ചോര്‍, ധമനികള്‍, സിരകള്‍, എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു. ധമനികളും സിരകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി. സിരകള്‍ രക്തം വഹിക്കുന്നുവെന്നും ധമനികള്‍ വായു വഹിക്കുന്നുവെന്നും ആയിരുന്നു എറാസിസ്ട്രാറ്റസിന്‍റെ നിഗമനo. അക്കാലത്ത് ഗ്രീക്കു ചികിത്സകന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു ഇത്. ധമനികളില്‍ നിറഞ്ഞിരിക്കുന്നതെന്നു വിശ്വസിക്കപ്പെട്ട വായുവിനെ അവര്‍ ന്യൂമ എന്ന് വിളിച്ചു. ധമനി മുറിച്ചു ന്യൂമയെ പുറത്തിറക്കിവിട്ടാലേ അതിലേക്കു സിരയില്‍ നിന്നും രക്തം പ്രവേശിക്കൂ എന്ന ഒരു അബദ്ധധാരണ എറാസിസ്ട്രാറ്റസിനെയും പിടികൂടിയിരുന്നു. സിരകളും ധമനികളും വഹിക്കുന്ന ദ്രവം അവ മറ്റ് അവയവങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രസ്താവിച്ചു അദ്ദേഹം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം യാന്ത്രികമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഭക്ഷണം ദഹിക്കുന്നത് വയറ്റിലെ പേശികള്‍ ഒരു യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. രക്തചംക്രമണം കണ്ടുപിടിച്ച വില്യം ഹാര്‍വിക് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവ്യക്തമായെങ്കിലും രക്തചംക്രമണം എന്ന ആശയത്തോട് അടുത്തെത്തിയിരുന്നു എറാസിസ്ട്രാറ്റസ്.
ശരീരഘടനാ ശാസ്ത്രത്തില്‍ അക്കാലത്ത് ഏവരെയും വിസ്മയിപ്പിച്ച നേട്ടങ്ങളാണ് ഹീറോഫിലസും എറാസിസ്ട്രാറ്റസും കൈവരിച്ചത്. നൂറുകണക്കിനു കീറിമുറിക്കലുകളിലൂടെയും അദ്ധ്യാപനത്തിലൂടെയും ഗ്രന്ഥരചനയിലൂടെയും ശരീരഘടന ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പുതുവഴികള്‍ തന്നെയാണവര്‍ വെട്ടിത്തുറന്നത്. എന്നാല്‍ ശിഷ്യരില്‍ ഭൂരിഭാഗവും ഇവരുടെ പിന്തുടര്‍ച്ചക്കാരാവുന്നതില്‍ പരാജയപ്പെട്ടു. അങ്ങനെ വര തുടങ്ങിവച്ച ശരീരഘടനാശാസ്ത്രത്തിന്‍റെ വളര്‍ച്ച മുരടിക്കാനും തുടങ്ങി.