ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ
ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, തീവ്രവാദത്തെ ചെറുക്കുക, കലാപങ്ങൾ തടയൽ, യുദ്ധ കാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ. ഇന്ത്യയിൽ “അർദ്ധസൈനിക സേനകളെ” ഔദ്യോഗികമായി ഒരു പ്രവൃത്തിയിലും അധികാരികളോ ഭരണകൂടമോ പരാമർശിക്കുന്നില്ല, എന്നിരുന്നാലും അവ പരമ്പരാഗതമായി അസം റൈഫിൾസ്, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയെ നിർവചിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഔദ്യോഗിക പരമായി അർധസൈനികസേനകൾ നിലവിലില്ല, മറിച്ച് കേന്ദ്രസായുധപോലീസ് സേനകളാണുള്ളത്. ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഇവയുടെ പ്രവർത്തനം. ഔദ്യോഗികപരമായി കേന്ദ്ര സായുധ പോലീസ് സേനകൾ (Central Armed Police Forces-CAPF) എന്നാണ് ഇവ അറിയപ്പെടുന്നത്. സാങ്കേതികപരമായി, അസം റൈഫിൾസ്, സ്പെഷ്യൽ ഫ്രൻറിയർ ഫോഴ്സ് (Special Frontier Force), ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയാണ് ഇന്ത്യയുടെ അർദ്ധസൈനിക സേനകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവർത്തന നിയന്ത്രണത്തിലുമാണ് അസം റൈഫിൾസ്. ഇന്ത്യൻ ആർമിയുടെ ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഒരു ഡയറക്ടർ ജനറലാണ് അസംറൈഫിൾസിന്റെ തലവൻ. പ്രത്യേകഅതിർത്തിസേന (Special Frontier Force) കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഭരണ നിയന്ത്രണത്തിലാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്. ആസാം റൈഫിൾസ്, സ്പെഷ്യൽ ഫ്രോൻറിയർ ഫോഴ്സ്, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്. ജി.) എന്നിവയെ അർദ്ധസൈനിക വിഭാഗങ്ങളായി കണക്കാക്കാം, കാരണം ഇവക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ കരസേനയിൽ നിന്നോ അല്ലെങ്കിൽ ഇവയിലെ അംഗങ്ങൾ ഇന്ത്യൻ മിലിറ്ററിയില് (കര, നാവിക, വ്യോമസേന) നിന്നോ ഉള്ള ഉദ്യോഗസ്ഥരാണ്.