അലക്സാണ്ടര്‍ ഫ്ലെമിംഗ്
ചിലയിനം ബാക്ടീരിയകളെക്കുറിച്ചു ഗവേഷണം നടത്തുകയായിരുന്നു അലക്സാണ്ടര്‍ ഫ്ലെമിംഗ്.ഇതിനായി അദ്ദേഹം ബാക്ടീരിയകളെ പരീക്ഷണത്തിനുള്ള ചെറിയ പാത്രങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ തുടങ്ങി. ഒരു ദിവസം ഫ്ലെമിംഗ് ആ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടു.ഒരു പാത്രത്തിലെ ബാക്ടീരിയകള്‍ ചത്തു പോയിരിക്കുന്നു, സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എവിടെ നിന്നോ പറന്നു വന്ന ഒരു തരം പൂപ്പല്‍ ആണ് ബാക്ടീരിയയെ നശിപ്പിച്ചിരിക്കുന്നത്, അപ്പോള്‍ രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള ഏതോ ഒരു ഘടകം പൂപ്പലില്‍ അടങ്ങിയിട്ടുണ്ടാവണം.അതീവ ശ്രദ്ധയോടെ ഈ പൂപ്പല്‍ വേര്‍തിരിച്ചെടുത്തു പ്രത്യേകം വളര്‍ത്തിയെടുത്തു. പെനിസിലിയം നോട്ടേറ്റം എന്ന പൂപ്പലാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലടങ്ങിയിരിക്കുന്ന ഔഷധഗുണമുള്ള രാസവസ്തുവിന് പെനിസിലിന് എന്നു പേരുമിട്ട് അദ്ദേഹം. ലക്ഷക്കണക്കിനാളുകളുടെ ജീവന് രക്ഷിച്ച പെനിസിലിന് എന്ന ആന്റി ബയോട്ടിക്കിന്റെ കണ്ടുപിടിത്തം ഇങ്ങനെയായിരുന്നു.
1881-ല്‍ ബ്രിട്ടനിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക്സാണ്ടര്‍ ഫ്ലെമിംഗിന്റെ ജനനം. വൈദ്യശാസ്ത്രപഠനത്തിനു ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടായത്. ജലദോഷം വരുമ്പോള്‍ മൂക്കില്‍ നിന്നും വരുന്ന ദ്രാവകത്തിനും കണ്ണീരിനും ചില ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അലക്സാണ്ടര്‍ ഫ്ലെമിംഗ് മനസ്സിലാക്കി. ഇവയില്‍ ഉള്ള ലൈസോസൈം എന്ന എന്‍സൈം ആണിതിനു കാരണമെന്ന് ഫ്ലെമിംഗ് കണ്ടെത്തി. 1928 അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന് കണ്ടുപിടിച്ചെങ്കിലും ശുദ്ധമായ പെനിസിലിന് ആദ്യമായി വേര്‍തിരിച്ചെടുത്തത് ഹൊവേര്‍ഡ് ഫ്ലോറി,ഇ.ബി ചെയിന്‍ എന്നീ ബ്രിട്ടീഷ് രസതന്ത്രജ്ഞരാണ്. അതോടെ പല ബാക്ടീരിയരോഗങ്ങളെ ചെറുക്കാനും മുറിവില്‍ പുരട്ടാനും കുത്തിവയ്ക്കാനുമൊക്കെ വ്യാപകമായി പെനിസിലില്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ പെനിസിലിന് ഒരു അത്ഭുത മരുന്നായി മാറി.